ബാബിലോണിയന്റെ തൂവെള്ള വാതിൽ
കാവൽക്കാരൻ പത്രോസിനെ കടന്നു
പാറയ്ക്കിടയിലെ കവാടം കടന്നു.
യാഹ് അള്ളാ,
"ഇൻ ഇൻഫെർണിസ് വെസ്ട്രിസ് വിറ്റം ഫിനിവിറ്റ്. വെൽകം അഡ് കെയ്ലം"
കണക്കുനോക്കി
പത്രോസ് പറഞ്ഞു.
ശാന്തമായ ഒരിടം.
വീടിലും മെച്ചം.
പേടിച്ചിരിക്കണമമ്മ വരുമ്പോൾ.
ബഹളം പാടില്ല.
ബെൽറ്റിനടിയുടെ വേദന
നെഞ്ചിലും മുഖത്തും.
ചിരിക്കാറില്ലലോ ഒരിക്കലും..
എന്നോട് മാത്രം.
എന്നോട് മാത്രം.
യാ അള്ളാ, ഒരിക്കൽ പോലും
ആ ചിരി എനിക്കായ് തന്നില്ലല്ലോ?
ഇടയ്ക്കെന്നെ റൂമിലടയ്ക്കും,
തുറന്നു വിടാൻ നേരമിരുട്ടും.
ആദ്യ ബെൽറ്റടി
അച്ഛമ്മയോടു പറഞ്ഞതിനു.
അമ്മയടിച്ചത് ഒരിക്കൽ മാത്രം.
എങ്കിലും അയാൾ...,
അയാളുടെ അടിയ്ക്കു നീറ്റൽ കൂടും.
കാൽമുട്ടും
തുടയും കടന്ന്
കൈകൾ മുകളിലേക്കു വന്നൊരിക്കൽ.
അന്നെനിക്ക് വേദനയായിരുന്നു.
വേദന
വേദന
വേദന..!
ബെൽറ്റിനടി പേടിച്ചു
പറഞ്ഞില്ലമ്മയോടു.
അമ്മയന്നു നോക്കി നിന്നു.
ഞാൻ കണ്ടു.
കണ്ടുകൊണ്ടു നിന്നത്
ഞാൻ കണ്ടു.
യാഹ് അള്ളാ, തലയ്ക്കു കൊണ്ടൊരു
കനമുണ്ട് ഓർമ്മയിൽ.
പിന്നെല്ലാം ഇരുട്ടു തന്നെ.
ഇരുട്ടു ,
ഇരുട്ടു,
ഇരുട്ടു...
ഇവിടെത്തും വരെയിരുട്ട്.
"അർജ്ജുനൻ ഫൽഗുണൻ പാർത്ഥൻ", കിടന്നപ്പോൾ പേരുകൾ
പത്തു ചൊല്ലി,
പേടി ഇരുട്ടല്ല..
..ബെൽറ്റിനടി.
യാഹ് മശീഹ, ഒരു കിടക്ക
മാത്രം തരൂ.
ഞാൻ ഒതുങ്ങികൂടാം;
വീട്ടിലെ പോലെ.
ചിരിയാണ് കേട്ടത്.
ചിതറിയ ചെറിയ ചിരികൾ
വലിയ ചിരികൾ.
കാഹളങ്ങൾ!
ഒന്നല്ല
പത്തല്ല..
അതിനുമപ്പുറം ചിരികൾ.
യാഹ് അള്ളാഹ്...
യാഹ് മശീഹാ...
യാഹ് ശിവ്...
എതിർ ദിശയിൽ കണ്ടു
മൂവരും വണങ്ങി നിൽക്കുന്നു.
കുരുന്നുകൾ, തീരുന്നില്ല.
ചിരികൾ, തീരുന്നില്ല;
മെല്ലെ മെല്ലെ.
മെല്ലെ മെല്ലെ
അടുത്തു.
ഇല്ല, എനിക്കറിയില്ല കാരണം.
മടിയിൽ കിടത്തി
അപ്പപറഞ്ഞ കഥയിലില്ല.
ഇല്ല, ഇതില്ല.
അവർ ചിരിച്ചു.
ഞാൻ നോക്കി നിന്നു.
ചിരിച്ചു.
നോക്കി നിന്നു.
ചിരിച്ചു...
നോക്കി നിന്നു.
പിന്നിലേയ്ക്കും ഞാനൊന്നു നോക്കി.
ഞാനും ചിരിച്ചു.
പകർന്നു വന്ന ചിരിയിതെവിടെനിന്നു...
ഏഴ് ഏഴു എഴുപത്തേഴു വട്ടം
ക്ഷമിച്ചവന്റെ പ്രതികാരബുദ്ധി.
കോട്ടയം ബസേലിയസ് കോളേജിൽ എം. എ ഇംഗ്ലീഷ് ലിട്രേച്ചർ വിദ്യാർത്ഥിയാണ് കവി.


Well written... Congrats Arun
ReplyDeleteThanks Abhi
DeleteGreat work
ReplyDeleteThankyou Sherin
DeleteNice.Wishing u a right future as a poet
ReplyDeleteThankyou
Delete