ശക്തമായൊരു വെള്ളിവെളിച്ചം എന്റെ കണ്ണിൽ പതിച്ചു. അതിനാൽ
ഉറക്കം തുടരാൻ സാധിച്ചില്ല. വളരെ വിഷമത്തോടെ എങ്കിലും, കിടക്കയിൽ
നിന്നു ഞാന്‍ എഴുന്നേറ്റു. നല്ല ശരീര വേദന. തലേ ദിവസത്തെ അലഞ്ഞു
തിരിയലിന്റെ ആകും...
കണ്ണ് തുറന്നിട്ടും എന്തേ വെളിച്ചം പെയ്യുന്നത്.
അറിയില്ല.
ഞാന്‍ ഒരു ഊഹത്തില്‍ നടന്നു.
മെല്ലെ പ്രകാശത്തിന്റെ മൂടലു മാറി. എന്റെ കൊച്ചു വീടിന്റെ
മുറിയിലേക്കു വെയില്‍ ഒളിഞ്ഞു നോക്കി. കഴിഞ്ഞ കുറച്ചു നേരം
സംഭവിച്ചത് എന്താണെന്ന് എനിക്കോ എന്റെ ഓര്‍മ്മയ്ക്കോ
കണ്ടെത്താനായില്ല. എന്തോ സംഭവിച്ചു. എന്തോ സംഭവിക്കുന്നു അറിയില്ല.
മുറിയുടെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഞാൻ വാതിലിന്റെ
അടുത്തേക്ക് നീങ്ങി.
റോഡിൽ നിന്നും വിട്ട്, കുറച്ചു ഇടവഴികളിലൂടെ നടന്നാണ് എന്റെ
വീട്ടിലേക്കു എത്തേണ്ടത്. അരികിലൂടെ ഒരു ആറു ഒഴുകുന്നുണ്ട്.
ഉറക്കത്തിന്റെ ചടവും രാവിലെ എന്തൊക്കെയോ സംഭവിച്ചതിന്റെ
അങ്കലാപ്പും എന്നിലൊരു നിഴലു പോലെ അവശേഷിച്ചു. എങ്കിലും നല്ല
തണുത്ത കാറ്റു എന്നെ ഉണര്ത്തികൊണ്ടിരുന്നു. ആകെ കൊണ്ടൊരു നല്ല
പ്രഭാതം.
മുറിയുടെ പടിക്കെട്ടിൽ ഇരുന്നാൽ അക്കരെ കൂടെ പോകുന്നവരെയൊക്കെ
കാണാം. ഞാൻ രാവിലെ എഴുന്നേറ്റാൽ ഇവിടെയാണിരിക്കാറ്. ഇവിടിരുന്ന്
അത് വഴി പോകുന്നവരോടെക്കെ കുശലം പറയാറുണ്ട്. ഒപ്പം കൂട്ടിനു
ചായയും ഉണ്ടാകാറുണ്ട്. ഇന്നാകട്ടെ ചായ ഇല്ല. പതുവു ചായ
കാണാതായതിന്റെ ബുദ്ധിമുട്ടുണ്ടെങ്കിലും എനിക്ക് ചോദിക്കാൻ
തോന്നിയില്ല.
പതിവ് കാഴ്ചക്കാർ ഓരോരുത്തരായി വന്നു പോകുന്നു. പക്ഷെ ആരും എന്നെ
നോക്കിയില്ല. ആരും ഒന്നും മിണ്ടിയുമില്ല. പോയവരിൽ മിക്കവരും
പടിക്കെട്ടിലേക്കു നോക്കിയിരുന്നു. പക്ഷെ അവർ ആരും എന്നെ കണ്ടതായി
പോലും ഭാവിച്ചില്ല.
ഞാൻ ഏറെ സംശയത്തോടെയും വേവലാതിയോടെയും മുറിയിലേക്ക്
തിരിച്ചു പോയി. വീട്ടുകാരെ ആരെയും വിളിക്കാന്‍ തോന്നിയില്ല.
മുറിയിലേക്ക് തിരിച്ചു കയറിയപ്പോൾ വല്ലാത്ത പുകമറ എന്നെ മൂടി.
എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി....
പെട്ടെന്ന് ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. എന്താ ഞാൻ കണ്ട
സ്വപ്നം? ഒന്നും എനിക്ക് മനസിലാവുന്നില്ല. ഞാൻ ചുറ്റും നോക്കി. വെളിച്ചമോ
കാഴ്ചകളോ ഇല്ല. മേശപ്പുറത്തു ഒരു ഡയറി തുറന്നിരിപ്പുണ്ട്. ഞാൻ തന്നെ
എഴുതിയതാണ്. ഓരോ താളുകള്‍ ആയി മറിച്ചു നോക്കി. പ്രണയവും
സന്തോഷവും സങ്കടവും മാത്രം സമ്പാദ്യമുള്ള എന്റെ കൊച്ചുജീവിതം
നന്നായി വിവര്‍ത്തനം ചെയ്തി രിക്കുന്നു.
ജീവിതത്തിന്റെ ഓരോ ഏടുകൾ, എന്റെ നല്ലതും ചീത്തയുമായ
നിമിഷങ്ങള്‍, ഓരോന്നായി കടന്നു പോയി. എന്റെ കൈപ്പടയിൽ രചിച്ച
എന്റെ ജീവിതം ഞാൻ ഒരിക്കൽ കൂടി വായിച്ചു. കാണാൻ ആഗ്രഹിച്ചതും
ആഗ്രഹിക്കാത്തതും എല്ലാം മിന്നിമറഞ്ഞു പോയി. പെട്ടെന്നാണ് ആ സ്വപ്നം
അതിൽ എഴുതിയിരിക്കുന്നതായി കണ്ടത്. ഞാൻ കട്ടിലിൽ നിന്ന്
എഴുന്നെല്കുന്നതുവരെ ആ പുസ്തകത്തിൽ ഉണ്ട്. പിന്നീട് അതിൽ പേജുകളില്ല.
തൊട്ടു മുൻപ് സംഭവിച്ച കാര്യങ്ങളാണ് അവസാനത്തെ പേജിന്റെ
അവസാനത്തെ വരിയിൽ എഴുതിയിരിക്കുന്നത്. എനിക്ക് ഒന്നും
മനസിലാകുന്നില്ല.
ഞാൻ കുറച്ചു വെള്ളം കുടിക്കാനായി മുറിക്കു പുറത്തേക്കിറങ്ങി. ഞാൻ
സ്വപ്നത്തിൽ കണ്ട അതെ വെള്ളിവെളിച്ചം ശക്തിയോടെ എന്നിലേക്ക്
വീണ്ടും പതിച്ചു. ഒന്നും കാണാൻ കഴിയുന്നില്ല. ഞാൻ ഉമ്മറത്തേക്ക്
പോകാതെ എന്റെ മുറിയിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങി. ജീവിതത്തിൽ
ഇതുവരെ അനുഭവിക്കാത്ത മറ്റൊരു തണുപ്പ് എന്നെ വന്നു മൂടുന്നതായി
തോന്നി. കുറച്ചു മുന്നോട്ടു നടന്നിട്ടു മുറിയിലേക്ക് തിരിഞ്ഞു നോക്കി.
എന്റെ ശരീരം മുറിക്കു മുന്നിലെ പടിക്കെട്ടിൽ കിടക്കുന്നു. മൂക്കിൽ നിന്ന്
രക്തം തറയിലേക്കു പടര്‍ന്നിട്ടുണ്ട്.
ഭയമോ അങ്കലാപ്പോ ഒന്നും തോന്നിയില്ല. ഞാൻ കടന്നു പോയത് എന്റെ
മരണത്തെ തന്നെയാവണം. എല്ലാവരെയും പോലെ ഞാനും ഭയന്നിരുന്ന
എന്റെ മരണത്തെ...
ഇന്ന് ഇത് ഞാൻ എഴുതിയിട്ട് കിടക്കുമ്പോൾ തണുപ്പുള്ള മറ്റൊരു ലോകം
എന്നെയും കൂട്ടിയേക്കാം. അതോ ഞാന്‍ അവിടെയാണോ?
ആരെയെങ്കിലും യാത്രക്കിടയിൽ കണ്ടുമുട്ടിയിരുന്നെങ്കിൽ ഇതിനു ഉത്തരം
കണ്ടെത്താമായിരുന്നു.
മരണം കുളിരുള്ളൊരു ഓർമ്മയാണോ?


No comments:
Post a Comment