Saturday, 27 April 2019

മരണത്തിനു മുൻപ്

ദേവനാരായണൻ പ്രസാദ് 


(1)
ചന്ദ്രനിൽ രക്തം കട്ട കെട്ടുന്നു
അതിന്റെ ചുവപ്പ് ആകാശത്തിലേക്ക് പടരുന്നു
അത് ഒരു പക്ഷി എവിടെയോ മരിക്കുന്നതാണ്
ഏതോ തൊണ്ടിൽ, അല്ലെങ്കിൽ ഒരു വെള്ളക്കെട്ടിൽ

ഒരു പക്ഷിയുടെ മരണം മരണമേയല്ല
ഓർമ്മയില്ലാത്ത ആ ജീവിക്കു പോലും 
സ്വന്തം ജീവിതത്തിനൊരു പ്രസക്തി തോന്നിയിരിക്കില്ല
അതിന്റമ്മ അതിനെ കാണാതെ കരഞ്ഞു പറക്കുന്നു
അതിന്റച്ഛൻ മറ്റേതോ പക്ഷിയെ പ്രാപിക്കുന്നു
ഉറുമ്പുകളതിനെ അരിച്ചു കൊണ്ടു നീങ്ങുന്നു.

ആകാശത്തിനു നിറം തിരികെ ലഭിക്കുന്നു
അതിന്റമ്മ കൂട് കണ്ടെത്തുന്നു
ഓർത്തോർത്തു ഓർമ്മ പോലും ആ പക്ഷിയെ മറക്കുന്നു
ആ പക്ഷി പല കൂടുകളിലേക്കു വീതിക്കപ്പെട്ടിരിക്കുന്നു.


(2)
എന്നും കിടന്നുറങ്ങിയിരുന്ന വീട് ഒരുനാൾ
എന്നെ പറഞ്ഞയച്ചു.
എന്നും കണ്ടിരുന്ന ആകാശം കണ്ടു കിട്ടാതായി.
അവിടുണ്ടായിരുന്ന മനുഷ്യർക്ക് ഞാൻ അതിഥിയായി.
കുറുവാലി പൂച്ച പോസ്റ്റ്മാൻ ഫിലിപ്പേട്ടനെ കാണുമ്പോലെ കയ്യാല ചാടാൻ തുടങ്ങി.
നട്ട നാമ്പുകൾ പോലും വാടി നിന്നു.
ഇനി എന്നാണ് ഞാൻ ആ പഴയ പുതപ്പിലേക്കു ചുരുണ്ടു കൂടുക?


(3)
ഞാൻ പ്രണയിച്ചിട്ടുള്ളവരാരും
ഒന്നും മറന്നു വയ്ക്കാതെയാണ് ഇറങ്ങി പോയത്.
ഒന്നും പറയാതെ, വാതിലു പോലും ചാരാതെ.

ചിലര്‍ എന്നെ വെറുക്കുന്നുണ്ടാകും.
വെറുക്കുന്നവരോട് ഈയുള്ളവൻ നിന്നെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളു,
അതിനെന്തിനാണിതെന്നു ചോദിക്കണമെന്നുണ്ട്.
പക്ഷേ അവരോട് അത് ചോദിക്കാനൊന്നുമെനിക്കാകില്ല,
വേരില്ലാത്തൊരു മരമാണ് ഞാൻ.

ഇനിയുമാളുകൾ വരുമെന്നറിയാം
അവരുടേതായ കാരണങ്ങൾ പറഞ്ഞിറങ്ങി പോകുമെന്നുമറിയാം.
അതൊക്കെ അറിഞ്ഞു കൊണ്ട് തന്നെ ഞാൻ വീണ്ടും പ്രണയിക്കും.
കടന്നു പോയവരെയും, വരാനിരിക്കുന്നവരെയും.
വീണ്ടും പ്രണയിക്കും.

എല്ലാവർക്കും എല്ലാരെയും സ്നേഹിക്കാനാകില്ല.
എല്ലാവർക്കും അവരുടേതായൊരു ലോകമുണ്ട്,
ജീവിതമുണ്ട്,
അവിടയവർക്കു ഇഷ്ടപ്പെട്ട മനുഷ്യരുമുണ്ട്,
എങ്കിലും വെറുക്കാതിരിക്കാം,
വേണമെങ്കിൽ മറക്കാതെയുമിരിക്കാം
അല്ലേൽ ആഴമില്ലാത്ത എന്നെ മുക്കി കൊല്ലുക,
ഇല്ലെങ്കിൽ ഒരു ചൂണ്ടയിട്ടു തരിക
പിടയാതെ ഞാൻ മരിച്ചു കൊള്ളാം.


1 comment: